ഭ്രമണപഥം

 വിഷം പുരട്ടിയ അമ്പേറ്റ്

ആലസ്യത്തിലാണ്ടവരുടെ
പുഞ്ചിരി നഷ്ടപ്പെടുത്തി
അവർ ജയിച്ചു.

ശാസ്ത്രം പഠിച്ചെത്തുന്ന കുട്ടിയുടെ
ചെവി കടിച്ചു പറിച്ച്
അവർ പിന്നെയും ജയിച്ചു.

ജാത്യാഭിമാനക്കോട്ടയ്ക്കുള്ളിൽ
കിടത്തിയുറക്കി
അവരവന്റെ തലച്ചോറു മാന്തി.
അവനിപ്പോൾ ചിരിക്കുന്നില്ല
അവനിപ്പോൾ മിണ്ടുന്നില്ല...!

ഗീബൽസിയൻ വളക്കൂറുള്ള മണ്ണിലെ
നുണ വൃക്ഷങ്ങളിലിപ്പോൾ
നല്ല വിളവാണ്...!
നുണപ്പഴങ്ങൾ ഭക്ഷിച്ചവർ
നല്ല മയക്കത്തിലും ...

അന്ധതയുടെ ചുറ്റുമതിൽ
തകർന്നപ്പോഴാണ്
നിലപാടുകൾക്ക് വേരോട്ടമുണ്ടായത്.
ലോകം വിരൽതുമ്പിലാണെന്ന
സത്യത്തെ ഉൾക്കൊണ്ടവർ
വെറുക്കപ്പെട്ടത്..

ഗലീലിയോവിനെ
വിചാരണ ചെയ്തവരുടെ പിൻഗാമികൾ
അട്ടഹാസം മുഴക്കുമ്പോഴും
ഭ്രമണപഥത്തിലെതടസ്സങ്ങൾ 
തട്ടി മാറ്റി
സത്യം മുന്നോട്ടേക്കു കുതിക്കുകയാണ്.

               -ഗിരീഷ് കുഞ്ഞിമംഗലം-

Comments