-സുകുമാരൻ കുഞ്ഞിമംഗലം-
മൂലധനം ,മുതലാളിത്തം ,കോർപ്പറേറ്റിസം ,ചങ്ങാത്ത മുതലാളിത്തം, സ്ഥിതിസമത്വം എന്നീ സംജ്ഞകളെ കുറിച്ച് സാമാന്യ ധാരണ കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളിൽ പേറി നടക്കുന്നവരിൽ ഉണ്ടാകും . അതാണ് അവരുടെ പോരാട്ട വീറിന്റെ കരുത്ത് .
മുതലാളിത്തം ഒരു വ്യവസ്ഥിതിയാണ് .പഴയ കാലത്ത് ലോകത്ത് എല്ലായിടത്തും നിലനിന്ന അടിമത്തം ,ജന്മിത്തം, രാജാധിപത്യം (കേരളത്തിലും) എന്നതു പോലെ .അടിമത്തം അവസാനിച്ചത് അടിമ ആഗ്രഹിച്ചതുകൊണ്ടു മാത്രമല്ല .അതിനെതിരെ ഉടമ വർഗ്ഗത്തിലെ ആളുകൾ കൂടി പങ്കെടുത്ത് പ്രക്ഷോഭം നടത്തിയതുകൊണ്ടാണ് (അന്നാണ് നാം ജീവിച്ചിരുന്നെങ്കിൽ നമ്മിൽ ഭൂരിഭാഗവും അടിമകളായേനെ !)
കേരളത്തിലെ ജന്മിത്തവും നാടുവാഴിത്തവും ജാതി ഭ്രാന്തും കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസ്ഥിതികളാണ് .ഇത് മനസിലാക്കാൻ ലോകോത്തര സർവ്വകലാശാലകളിലെ ക്ലാസ് മുറിയിലെ തിളങ്ങുന്ന കസേരകളിൽ ആസനം തയക്കേണ്ട ആവശ്യമില്ല. നാട്ടിലെ കീറിയ കൾസറിട്ട കൂട്ടുകാരോടൊത്ത് പൊട്ടിയ ബെഞ്ചിലിരുന്ന് പഠിച്ച വിവരം മാത്രം മതിയാകും.
ജാതിഭ്രാന്തിന്റെ (അന്നത് നാട്ടുനീതിയും നടപ്പുമാണ് ) രൂക്ഷത അനുഭവിച്ച എത്രയോ ആളുകളെ നമുക്കറിയാം .' മംഗല്യം ബ്രാഹ്മണസ്യ' .... എന്ന് തുടങ്ങി 'ശൂദ്ര സ്യ തു ജുഗ്പ്സിതം' എന്ന് തുടങ്ങുന്ന ഒരു ശ്ലോകം മനുസ്മൃതിയിൽ ഉണ്ട്. ഇഷ്ടപ്പെട്ട പേര് വിളിക്കാൻ പോലും ജാതിഭ്രാന്ത് അനുവദിക്കാത്ത കാലം . അതും ഈ കേരളത്തിൽ ആയിരുന്നു എന്നത് ചരിത്ര പഠനത്തെ പരിഹസിക്കുന്ന പുതു തലമുറയിലെ എത്ര പേർക്കറിയാം ?.മംഗളകരമായ പേര് ബ്രാഹ്മണനും ശൂദ്രന് ജുഗുപ്സാവഹമായ (വെറുപ്പ് തോന്നിപ്പിക്കുന്ന ) പേരു മാത്രമെ വിളിക്കാവൂ എന്ന് സാരം .അന്നാണ് നമ്മൾ ജീവിച്ചിരുന്നതെങ്കിൽ നമ്മുടെ പേരുകൾ ചോമനും ചണ്ടിയും ചെക്കനുമൊക്കെ ആയേനേ.. !
താഴ്ന്ന ജാതിക്കാർക്ക് അമ്പലത്തിൽ പ്രവേശിക്കാം എന്ന രാജ കല്പ്പന(ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തിന് തുല്യം ) തിരുവിതാംകൂറിൽ ഇറങ്ങിയത് 1936 നവംബറിലായിരുന്നു .പക്ഷെ ഒരു ശൂദ്രൻ അമ്പലത്തിൽ ആദ്യമായി പ്രവേശിച്ചത് 12 വർഷം കഴിഞ്ഞ് 1948 ലാണ് .( ഡോ.പുതുശേരി രാമചന്ദ്രന്റെ ആത്മകഥയായ ' തിളച്ച മണ്ണിൽ കാൽനടയായി' എന്ന പുസ്തകത്തിൽ സവിസ്തരം ഇത് പ്രതിപാദിക്കുന്നു. )
ഇതൊക്കെ ഇവിടെ പറയുന്നത് ഒരു കാര്യം ഓർമ്മിപ്പിക്കാനാണ് .അടിമത്തവും ജന്മിത്തവും നാടുവാഴിത്തവും ,സ്വേഛാധിപത്യവും ലോകത്തിൽ നിലനിന്നിരുന്ന ഭരണ-സാമൂഹ്യ വ്യവസ്ഥകളാണ്.അതിൽ നിന്നും മെച്ചപ്പെട്ട ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം ,സ്ഥിതിസമത്വം എന്നിവ എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. അതിന് മറ്റു ചിന്തകരെ പോലെ അല്ലെങ്കിൽ അതിലും വലിയ പങ്കുവഹിച്ച ചിന്തകനാണ് മാർക്സ്.( 1883 മാർച്ച് 14 ന് അന്തരിച്ച വിശ്വ പൗരനായ മാർക്‌സിനെ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ അടക്കം ചെയ്യുമ്പോൾ എംഗൽസ് ഉൾപ്പെടെ 11 പേര് മാത്രമാണ് പങ്കെടുത്തത് എന്നതും ഇന്ന് എത്ര കോടി ജനമനസിൽ അദ്ദേഹം ഉണ്ട് എന്നതും ഇപ്പോൾ ഭംഗ്യന്തരേണ ഓർത്തു പോകുകയാണ് .)
മേൽ പറഞ്ഞ വ്യവസ്ഥിതികൾ നിലനിൽക്കുമ്പോൾ ഉടമയെയോ ,രാജാവിനെയോ ,നാടുവാഴിയെയോ ,മേൽജാതിക്കാരെയോ അല്ല നമ്മൾ കുറ്റപ്പെടുത്തുന്നത് .അവരിൽ ഉൾപ്പെട്ട വ്യക്തിയെയുമല്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു പോയിന്റിൽ എത്താൻ ഇത്രയും കാര്യങ്ങൾ പറയുന്നതിനെയാണ് ചരിത്രപരമായ വിശകലനം എന്ന് മാർക്സിസ്റ്റ്കാർ പറയുന്നത് .കള്ളനെ മുൻവിധിയോടെ സമീപിക്കുന്നതിന് പകരം അയാൾ എങ്ങിനെ കള്ളനായി എന്ന് പരിശോധിക്കുന്ന രീതിയാണ് മാർക്ലിസ്റ്റ് രീതി .
മുതലാളിത്തം മേൽ പറഞ്ഞ വ്യവസ്ഥിതി പോലെ ഒരു സാമൂഹ്യ-സാമ്പത്തിക സമ്പ്രദായമാണ് എന്ന് മനസിലാക്കാൻ വലിയ പഠിപ്പിന്റെ ആവശ്യം ഒന്നും ഇല്ല. അത്യാവശ്യ വായനയിലൂടെ സാമൂഹ്യ ചുറ്റുപാടിൽ എത്തി നോക്കുന്നവർക്ക് പോലും അറിയാം. അത് വലിയ ചൂഷണ വ്യവസ്ഥിതിയും (അടിമത്തത്തിനും മീതെ ) പണത്തിനും ലാഭത്തിനും മാത്രം ഇടം നൽകുന്ന പ്രത്യയശാസ്ത്രവുമാണ് .മനുഷ്യന് പുല്ലുവില മാത്രം. അത് മുതലാളിമാരായ ആളുകളുടെ തകരാറല്ല. വ്യവസ്ഥിതി നൽകുന്ന സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. ഇവിടെ മുതലാളിയെ അല്ല വെറുക്കുന്നത്. പകരം മുതലാളിത്തം എന്ന വ്യവസ്ഥിതിയെ ആണ്. ഞാൻ ഒരു സ്ഥാപനത്തിന്റെ മുതലാളി ആയതു കൊണ്ട് മുതലാളിത്തം എന്ന വ്യവസ്ഥിതി ലോകത്ത് സർവ്വസമ്മതമാകുന്നില്ല. ഈ വ്യവസ്ഥിതിക്ക് മനുഷ്യത്വമില്ല .അതുകൊണ്ടാണ് കാൾ മാർക്സ് ഒരു സുപ്രസിദ്ധ നിരീക്ഷണം നടത്തിയത് ,'മുതലാളിത്ത വ്യവസ്ഥിതിയിൽ ലാഭത്തിന് വേണ്ടി മൂലധനം മുതലാളിയെ തന്നെ വധിക്കും' എന്ന് ! മൂലധനം ,ലാഭം ,മത്സരം ഇവയാണ് ഈ വ്യവസ്ഥിതിയുടെ മുഖമുദ്ര എന്ന് അറിയാത്തവർ ഇന്ന് ആരുണ്ട് ? .ഇത് സാമ്പത്തീക വിദഗ്ധരുടെ കണ്ടുപിടുത്തവുമാണ് .
ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം.
വികസനം
,,,,,,,,,,,,,,,,,,,,,,,,
1.80 കോടിയിലേറെ ഇന്ത്യക്കാർക്ക് 20 രൂപയിൽ താഴെയാണ് പ്രതിദിന വരുമാനം (മാസം 600 രൂപ ) - അർജുൻ സെൻ ഗുപ്ത കമ്മിറ്റി.
2. 2022ലെ ലോക വിശപ്പ് സൂചിക പട്ടികയിലെ (World Hunger Index )117 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്.
3. വികസന കാര്യത്തിൽ ലോകത്ത് 120 മത് സ്ഥാനമാണ് ഇന്ത്യക്ക് .
4 .തൊഴിലിലില്ലായ്മ അതിരൂക്ഷം .കഴിഞ്ഞ 45 വർഷത്തിന് ശേഷമാണ് ഇത്രയും ഭീതിതമായ അവസ്ഥ എന്ന് സാമ്പത്തീക വിദഗ്ദർ.
5. നേരത്തെ 5 % ത്തിൽ താഴെ ആയിരുന്ന വളർച്ചാ നിരക്ക് ഇപ്പോൾ 24 % ത്തിലേക്ക് കൂപ്പുകുത്തി.
6.ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പരിഹാര ശൃംഘലയുടെ സന്തോഷ സൂചിക റിപ്പോർട്ടി 150 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്.
7.നീതി ആയോഗ് തയ്യാറാക്കിയ പോവർട്ടി ഇന്റക്സ് പറയുന്നത് ജനസംഖ്യയിൽ 25% ഉം ദരിദ്രരാണ് എന്നതാണ്.
അസമത്വം
,,,,,,,,,,,,,,,,,,,,,,,,
സംസ്ഥാനവും സംസ്ഥാനവും തമ്മിലും വ്യക്തിയും വ്യക്തിയും തമ്മിലുള്ള അസമത്വം കൂടി വരികയാണ്.
1. അടുത്തിടെ പുറത്ത് വന്ന World Bank Report പറ യുന്നത് ഇന്ത്യൻ സമ്പത്തിന്റെ 74% വും കൈവശം വച്ചിരിക്കുന്നത് ഇന്ത്യയിലെ പത്ത് ശതമാനം പേരാണ് .( ആ പത്തിൽ ഞാൻ ഉള്ളതുകൊണ്ട് മുതലാളിത്തം കേ മമാകുന്നില്ല .)
2. രാജ്യത്തെ മൊത്തം കൃഷിക്കാരിൽ 4.9 ശതമാനം പേർ 32 ശതമാനം കൃഷിഭൂമിക്ക് ഉടമകളാണ്.56 % ഗ്രാമീണ കുടുംബങ്ങൾക്ക് (10.14 കോടി ഗ്രാമീണർക്ക് ) ഒരു തുണ്ടു ഭൂമി പോലുമില്ല.
3. ദേശീയ സ്ഥിതിവിവര കണക്ക് സർവ്വേ ,2019 പറയുന്നത് 2011 ൽ ശതകോടീശരൻമാരുടെ എണ്ണം 55 ആയിരുന്നു .2018ൽ ഇത് 131 ആയി വർദ്ധിച്ചു.അംബാനിയുടെ സമ്പാദ്യം (2019) 54 ബില്യൺ ഡോളറാണ് (383700 കോടി രൂപ !) ഇതിൽ കഴിഞ്ഞ 7 വർഷം കൊണ്ട് ഉണ്ടാക്കിയത് 21 3000 കോടി രൂപയാണ് ! ദരിദ്രരുടെ എണ്ണവും വർദ്ധിച്ചു .
4. ക്ഷയം ബാധിച്ച് ചികിത്സ പ്രാപ്യമാവാതെ മരിക്കുന്നവരിൽ മൂന്നിലൊന്നും ഇന്ത്യക്കാർ.ആഗോള വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ 'ദ ലാൻസെറ്റ്' നടത്തിയ സർവ്വേ പറയുന്നത് 195 രാജ്യങ്ങളിൽ ആരോഗ്യ പരിരക്ഷയിൽ 145 മത് സ്ഥാനമാണ് ഇന്ത്യക്ക് .
ഇതാണ് മുതലാളിത്തം .കോർപ്പറേറ്റ് ഭരണം അതിന് ചുക്കാൻ പിടിക്കുന്നു .ഇതിന് കുട പിടിക്കുന്നത് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണം . പണ്ട് മുസോളിനി പറഞ്ഞത് 'ഭരണകൂടവും മൂലധനവും തമ്മിലുള്ള സമ്പൂർണ്ണ ലയനമാണ് ഫാസിസം' എന്നാണ് . ഇതാണ് ഇന്നത്തെ ഇന്ത്യ നവസ്ഥ .
ഓർക്കുക ...
മുതലാളി അല്ല ശത്രു .സമൂഹത്തിന്റെ ശത്രു മുതലാളിത്തമാണ്. അതിനെ എതിർക്കുക എന്നത് ഒരു പൗരന്റെ കടമയാണ്. പ്രത്യേകിച്ച് ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ഒരു പൗരന്റേത്.
വിവേകാനന്ദൻ പറഞ്ഞ ഒരു കാര്യം കൂടി പറയട്ടെ , 'ലോകം നീറി പിടയുമ്പോൾ നിങ്ങൾക്കെങ്ങിനെ സ്വസ്ഥമായി ഉറങ്ങാനാകും '
ഉറങ്ങാം .പക്ഷെ ഈ വ്യവസ്ഥിതിക്കെതിരെ പോരാടുന്നവരെ എതിർത്തോളൂ .അത് നിങ്ങളുടെ ദാസ്യപ്പണി .പക്ഷെ പരിഹാസം അരുത് .പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത ഒരു സമര ഭടന്റെ നെഞ്ചിലേക്ക് തോക്കു ചൂണ്ടിയ ഇന്ത്യക്കാരനായ ഒരു പട്ടാളക്കാരനോട് ഭടൻ പറഞ്ഞ കാര്യം ഇതാണ് ''സഹോദരാ ... നെഞ്ചിലേക്ക് വെടി ഉതിർത്തോളൂ .പക്ഷെ ഒന്ന് ഓർക്കുക. നിങ്ങൾക്കും നാടിനും വേണ്ടിയാണ് ഈ പോരാട്ടം ''
Comments
Post a Comment